
കൊച്ചി : അമേരിക്ക ഇന്ത്യൻ ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ വർധിപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ചു. സർക്കാർ വാണിജ്യ മേഖലയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചത്. (Kerala govt. calls meeting with export representatives to discuss US tariffs)
രാജ്യത്ത് നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കേരളത്തിന് ഒരു ശതമാനം മാത്രമേ ഉള്ളൂ. എന്നിരുന്നാലും പ്രതിസന്ധി സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും, സമാന്തരമായ മറ്റു വിപണികൾ കണ്ടെത്തണമെന്നും യോഗം വിലയിരുത്തി.
ആഭ്യന്തര വിപണി കൂടുതലായി ഉപയോഗപ്പെടുത്തണം എന്നും, ലോക കേരളസഭയിലെ അംഗങ്ങളുമായി ചേർന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കുമെന്നും, കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.