കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് ക്യാബിനറ്റ് അംഗീകാരം

River Basin Conservation and Management
Published on

തിരുവനന്തപുരം: നദീതട സംരക്ഷണത്തിനും പരിപാലനത്തിനുമായി തയാറാക്കിയ പുതിയ രൂപരേഖക്ക് കേരള സർക്കാർ അംഗീകരം നൽകി. ഇന്ന് ചേർന്ന കാബിനറ്റ് മീറ്റിംഗാണ് അംഗീകാരം നൽകിയത്. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും, എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. ജനസംഖ്യാ വർദ്ധനവ്, വ്യവസായവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനാണ് പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.

സുസ്ഥിര നദീതട പരിപാലനത്തിനായി വിവിധ ഗവണ്മെന്റ് വകുപ്പുകളും സംഘടനകളും തമ്മിലുള്ള സഹകരണം ഇത് ഉറപ്പുവരുത്തുന്നു. ഈ ചട്ടക്കൂടിന്റെ മേൽനോട്ടം അപെക്സ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി ഏന്നീ മൂന്ന് കമ്മിറ്റികൾക്കാണ്. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി, വനം-വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണം, കൃഷി, പരിസ്ഥിതി, ഫിഷറീസ്, പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനുമാകും. ഈ മൂന്ന് കമ്മിറ്റികളോടൊപ്പം, ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന നദീതടതല സമിതിയും ഈ ചട്ടക്കൂടിന്റെ ഭാഗമാണ്. നദീതടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയുള്ള ജില്ലയിലെ ജില്ലാ കളക്ടര്‍ നദീതടതല സമിതിയുടെ അധ്യക്ഷനാകും. നദീതടത്തിനുള്ളില്‍ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടര്‍മാര്‍ സഹഅധ്യക്ഷന്‍മാരായിരിക്കും.

പുതിയ രൂപരേഖക്ക് അന്തിമരൂപം നൽകികൊണ്ട് ഫലപ്രദമായ ജലവിഭവ മാനേജ്മെന്റിനുള്ള പ്രതിബദ്ധത കേരള സർക്കാർ വീണ്ടും ഉറപ്പാക്കുന്നു. ഈ രൂപരേഖ സംസ്ഥാനത്തിനുള്ളിലെ എല്ലാ നദികളെയും ഒരു ഏകീകൃത സംരക്ഷണ, മാനേജ്മെന്റ് സമീപനത്തിന് കീഴിൽ കൊണ്ടുവരും. സുസ്ഥിര ജലവിഭവ മാനേജ്മെന്റിലേക്കുള്ള ഒരു നിർണായക നീക്കമാണിത്. ഈ ചട്ടക്കൂടിന് കീഴിൽ, മൂന്ന് കമ്മിറ്റികളും ഓരോ നദീതടത്തിന്റെയും സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്നതിന് ഒരു ദീർഘകാല പദ്ധതിയും വാർഷിക പ്രവർത്തന പദ്ധതിയും ഉണ്ടാകും. രൂപരേഖ പ്രകാരമുള്ള പദ്ധതികൾക്കായുള്ള സാമ്പത്തിക സഹായം വകുപ്പുതല ബജറ്റ് വിഹിതത്തിൽനിന്നും, സംസ്ഥാനതല ഡെഡിക്കേറ്റഡ് പൂൾഫണ്ടിൽനിന്നും, സപ്ലിമെന്ററി ഫണ്ടുകളിൽനിന്നും ആയിരിക്കും.

രൂപരേഖയുടെ എല്ലാ പ്രവർത്തനങ്ങളും നിലവിലുള്ള നിയമങ്ങളോടും ചട്ടങ്ങളോടും ഒത്തുപോവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. കേരളത്തിൽതന്നെ ഉദ്ഭവിച്ച് കേരളത്തിൽ പൂര്‍ണമായും ഒഴുകുന്ന നദികൾക്കാണ് ഈ രൂപരേഖ തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തുകൂടി ഒഴുകുന്ന അന്തർസംസ്ഥാന നദികൾക്ക് ഇത് ബാധകമല്ല.

Related Stories

No stories found.
Times Kerala
timeskerala.com