
കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത് 140 കോടി രൂപയിൽ താഴെയാണ്.
25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ഇതുവരെ 65 ലക്ഷം ടിക്കറ്റുകളാണ് ജില്ലാ ഭാഗ്യക്കുറി കാര്യാലയങ്ങളിലെത്തിയത്. ഇതിൽ 54,88,818 ടിക്കറ്റുകൾ വിറ്റു. ഈ മാസം ഒൻപതിനാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇനിയുള്ള എട്ടു ദിവസത്തിനുള്ളിൽ 30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടൽ.