തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണവും മറ്റ് ദൈനംദിന ചിലവുകളും സുഗമമായി നടത്തുന്നതിനായി 93.72 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. പെൻഷൻ വിതരണത്തിനായി മാത്രം ഇതിൽ 73.72 കോടി രൂപ നീക്കിവെക്കും. ബാക്കി 20 കോടി രൂപ കോർപ്പറേഷന്റെ മറ്റ് അടിയന്തര ആവശ്യങ്ങൾക്കായാണ്.
2025-26 സാമ്പത്തിക വർഷം ഇതുവരെ 1,201.56 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ നൽകിക്കഴിഞ്ഞു. ഇതിൽ 731.56 കോടി രൂപ പെൻഷനും 470 കോടി രൂപ പ്രത്യേക സഹായവുമാണ്.ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ആവശ്യകത പരിഗണിച്ച് ബജറ്റ് വിഹിതത്തേക്കാൾ 301.56 കോടി രൂപ അധികമായി സർക്കാർ നൽകി.
മുൻ യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തിനിടെ ആകെ നൽകിയത് 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശമ്പള വിതരണവും പെൻഷനും മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. കോർപ്പറേഷനെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികൾ തുടരുന്നതിനിടയിലാണ് ഈ സഹായം.