കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 2,360 രൂപ വർദ്ധിച്ചതോടെ സ്വർണ്ണവില 1,21,120 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 295 രൂപ ഉയർന്ന് 15,140 രൂപയായി മാറി. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപ എന്ന നിരക്കാണ് ഇന്ന് തിരുത്തിക്കുറിച്ചത്.(Kerala Gold price hiked, know about today's rate)
അന്താരാഷ്ട്ര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കൂടുതൽ നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയെ വല്ലാതെ സ്വാധീനിച്ചു. ഇതിനുപുറമെ, ഇറാനെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ആഗോള വിപണിയിൽ വലിയ അസ്ഥിരതയുണ്ടാക്കി.
വിപണിയിൽ ഇത്തരം അനിശ്ചിതത്വങ്ങൾ വർദ്ധിക്കുമ്പോൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ള നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് വില ഇത്രയധികം ഉയരാൻ കാരണമായത്.
കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. എന്നാൽ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വില 1.21 ലക്ഷത്തിലെത്തിയത് സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.