

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 800 രൂപ കൂടി 99,200 രൂപ എന്ന നിലയിലും, ഗ്രാമിന് 100 രൂപ കൂടി 12,400 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യത്തെ സ്വർണവില നിശ്ചയിക്കുന്നത് സങ്കീർണ്ണമായ പല ഘടകങ്ങൾ ചേർന്നാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായതുകൊണ്ട് തന്നെ ഇന്ത്യയിലെ വിപണിയിൽ രാജ്യാന്തര മാറ്റങ്ങൾ പെട്ടെന്ന് പ്രതിഫലിക്കാറുണ്ട്. ആഗോള വിപണിയിലെ സ്വർണത്തിന്റെ ഡിമാൻഡും ലഭ്യതയും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ വിലയും ക്രമീകരിക്കപ്പെടുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണം വാങ്ങുന്നത് ഡോളറിലാണ്. അതുകൊണ്ട് തന്നെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴുന്നത് രാജ്യത്ത് സ്വർണവില വർധിക്കാൻ കാരണമാകും. ഇന്ത്യ ഉപയോഗിക്കുന്ന സ്വർണത്തിന്റെ സിംഹഭാഗവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സർക്കാർ ഏർപ്പെടുത്തുന്ന ഇറക്കുമതി തീരുവയിൽ വരുന്ന മാറ്റങ്ങൾ നേരിട്ട് സ്വർണവിലയെ ബാധിക്കുന്നു.
യുദ്ധങ്ങൾ, സാമ്പത്തിക മാന്ദ്യം അല്ലെങ്കിൽ ആഗോള വിപണിയിലെ അസ്ഥിരതകൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയും വില ഉയരുകയും ചെയ്യുന്നു. ഇന്ത്യയിൽ ആഘോഷങ്ങളും വിവാഹ സീസണുകളും സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. ഈ സമയങ്ങളിൽ സ്വർണത്തിനുള്ള ആവശ്യം ഏറുന്നതുകൊണ്ട് തന്നെ പ്രാദേശിക വിപണിയിൽ നേരിയ വിലക്കയറ്റം പ്രകടമാകാറുണ്ട്.