കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1400 രൂപ കൂടി 97,280 രൂപ എന്ന നിലയിലും, ഗ്രാമിന് 175 രൂപ കൂടി 12,160 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യത്തെ സ്വർണ്ണവില നിർണ്ണയിക്കുന്നത് പ്രധാനമായും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ എന്നതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യൻ വിപണിയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനങ്ങൾ, അന്താരാഷ്ട്ര നിക്ഷേപകരുടെ മനോഭാവം എന്നിവ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. അതിനാൽ, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം കുറഞ്ഞാൽ ഇറക്കുമതി ചെലവ് വർധിക്കുകയും ഇത് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില ഉയരാൻ കാരണമാവുകയും ചെയ്യും.
സ്വർണ്ണത്തിന്മേലുള്ള ഇറക്കുമതി തീരുവയുടെ വർദ്ധനവും കുറവും ആഭ്യന്തര വിലയെ നേരിട്ട് ബാധിക്കുന്ന മറ്റൊരു ഘടകമാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഈ കാരണം കൊണ്ടുതന്നെ, സ്വർണ്ണവിലയിലെ ഓരോ മാറ്റവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാധാരണക്കാരുടെ വാങ്ങൽ ശേഷിയിലും കാര്യമായ സ്വാധീനം ചെലുത്തുന്നു.