കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ ഉച്ചയോടെ പവന് 1880 രൂപ കുറഞ്ഞ സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,320 രൂപയിലെത്തി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.(Kerala Gold price hiked again, know about today's rate)
സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അസാധാരണമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇന്നലെ രാവിലെ പവന് 3960 രൂപ വർധിച്ച് വില 1,17,000 കടന്ന് റെക്കോർഡ് ഇട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു. വീണ്ടും 1080 രൂപ ഉയർന്ന് വില 1.16 ലക്ഷത്തിന് മുകളിൽ തുടരുന്നു.
മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 17,000 രൂപയിലധികമാണ് വർധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ വിപണിയെയും ബാധിക്കുന്നത്. ആഗോള വിപണിയിലെ സാമ്പത്തിക അസ്ഥിരതയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത് വില ഉയരാൻ കാരണമാകുന്നു. കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അവിടെനിന്നും വെറും ഒരു മാസത്തിനുള്ളിലാണ് വില 1.16 ലക്ഷം രൂപയിലേക്ക് എത്തിയത്.