

കോഴിക്കോട്: 150 വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന പ്രളയം, കേരളത്തിൽ ഇനി 25 വർഷത്തിലൊരിക്കൽ സംഭവിക്കുമെന്ന് പുതിയ പഠനം. ഇത് 2018-ൽ ഉണ്ടായതിനേക്കാൾ വലിയ പ്രളയമായിരിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ഈ നിർണായകമായ കണ്ടെത്തലുകൾ നടത്തിയത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ
കേരളത്തിലെ നദീപ്രവാഹത്തിൻ്റെ നാല് പതിറ്റാണ്ടുകളിലെ (1980-2019) ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്. സംസ്ഥാനത്തെ നിലവിലുള്ള വെള്ളപ്പൊക്ക മോഡലുകൾ യഥാർഥ വെള്ളപ്പൊക്ക സാധ്യതയെ 40% വരെ കുറച്ചുകാണുന്നതാണെന്ന് പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ നിലവിലെ മഴയുടെ രീതികൾക്കനുസരിച്ചല്ല കേരളത്തിലെ വെള്ളപ്പൊക്ക ഭൂപടങ്ങൾ, അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ, അഴുക്കുചാൽ രീതികൾ എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിതമായ മഴ പെയ്യുമ്പോൾ പോലും നഗരങ്ങൾ വെള്ളത്തിനടിയിലാകാനുള്ള കാരണം ഇത്തരം ഡിസൈൻ മാനദണ്ഡങ്ങളിലെ അപാകതയാണ്.
മുന്നറിയിപ്പും പരിഹാരവും
നിലവിലുള്ള ഡിസൈൻ മാനദണ്ഡങ്ങൾ അടിയന്തിരമായി പുതുക്കിയില്ലെങ്കിൽ പതിവ് മൺസൂൺ മഴയിൽ പോലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
"കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ല എന്ന അനുമാനത്തിലാണ് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ സത്യം അതല്ല. പെട്ടെന്നുള്ള മഴയെ നേരിടാനുള്ള ശേഷി പരിമിതമായതിനാൽ നമ്മുടെ നാട്ടിലെ പാലങ്ങൾ, അണക്കെട്ടുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയെല്ലാം അപകടത്തിലാണ്."- പ്രൊഫസർ ആദർശ് എസ്. (ഗവേഷക സംഘത്തലവൻ)- പറയുന്നു.
വാർഷിക മഴയുടെ 80% ത്തിലധികവും സംസ്ഥാനത്ത് ലഭിക്കുന്നത് വെറും നാല് മാസങ്ങൾക്കുള്ളിലാണ്.
2018, 2019, 2020, 2024 വർഷങ്ങളിൽ തുടർച്ചയായി വെള്ളപ്പൊക്കങ്ങൾ നേരിട്ടത്, വെള്ളപ്പൊക്കം കൂടുതൽ തീവ്രവും പതിവായി മാറുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്.മിതമായ മഴ ലഭിച്ചാൽ പോലും തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം വെള്ളക്കെട്ട് പതിവാകുന്നതിൻ്റെ അടിസ്ഥാന കാരണങ്ങൾ ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നു.