തിരുവനന്തപുരം: അധ്യാപക നിയമനത്തിന് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരള സർക്കാർ പുനപരിശോധനാ ഹർജി സമർപ്പിച്ചു. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളും സമാനമായ ഹർജികൾ നൽകിയിട്ടുണ്ട്. ഇതോടെ ആകെ ആറ് പുനപരിശോധനാ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.(Kerala files review petition in Supreme Court on Verdict making K-TET mandatory)
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് അധ്യാപക യോഗ്യതയ്ക്ക് ടെറ്റ് നിർബന്ധമാണെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതോടെ കെ-ടെറ്റ് പാസാകാത്ത അധ്യാപകരുടെ നിയമനവും ഇൻക്രിമെന്റും പ്രതിസന്ധിയിലായി.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ വിവിധ അധ്യാപക സംഘടനകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഈ ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വിധിയിൽ വ്യക്തത തേടിയും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും റിവ്യൂ ഹർജി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.