കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഇടതുപക്ഷത്തെ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയിറങ്ങും. സി.പി.എം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ പ്രകാരം അദ്ദേഹം തന്റെ സിറ്റിംഗ് മണ്ഡലമായ ധർമ്മടത്ത് നിന്ന് തന്നെ ജനവിധി തേടിയേക്കും. 2021-ലെ ചരിത്രപരമായ തുടർച്ചയ്ക്ക് ശേഷം, സംസ്ഥാനത്ത് മറ്റൊരു ഭരണത്തുടർച്ച കൂടി ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.(Kerala enters election heat, CM Pinarayi Vijayan is the face of CPM)
കഴിഞ്ഞ പത്ത് വർഷത്തെ ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും വോട്ടായി മാറുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് സാധിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു.
പാർട്ടിയിലും ഭരണത്തിലും എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഒരു പിൻഗാമിയെ കണ്ടെത്തുക എന്നത് നിലവിൽ സി.പി.എമ്മിന് എളുപ്പമല്ല. എം.വി. ഗോവിന്ദൻ പാർട്ടി സംഘടനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭരണനേതൃത്വത്തിൽ പിണറായിക്ക് പകരക്കാരനില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പ്രായപരിധിയിൽ ഇളവ് നൽകി പിണറായിയെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഭരണം ലഭിച്ചാൽ അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാകും.