തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സംഘർഷം (Kerala Election Clashes 2026). എറണാകുളം പറവൂരിൽ കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. തത്തപ്പിള്ളി സ്വദേശി അലി ആണ് മരിച്ചത്. ആവേശകരമായ പ്രചാരണത്തിനൊടുവിൽ പലയിടങ്ങളിലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.
തോപ്പുംപടിയിൽ പോലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നിശ്ചിത സമയം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പോലീസ് ഇടപെട്ടതാണ് സംഘർഷത്തിന് കാരണമായത്. പള്ളുരുത്തി കച്ചേരിപ്പടിയിൽ ഡിസിസി സെക്രട്ടറി എൻ.ആർ. ശ്രീകുമാറിന് മർദ്ദനമേറ്റു. എൽഡിഎഫ് പ്രവർത്തകർ കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം.
പട്ടാമ്പിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി. പരാജയഭീതി മൂലം യുഡിഎഫ് അക്രമം അഴിച്ചുവിടുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞതായി എൻഡിഎ സ്ഥാനാർത്ഥി ആർ. രശ്മി ആരോപിച്ചു. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവേ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ബിജെപി അറിയിച്ചു.
നെയ്യാറ്റിൻകര ചെങ്കവിളയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു. പൊഴിയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിപിൻ, സിപിഐഎം വാർഡ് മെമ്പർ ബിപിൻ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.
പരസ്യപ്രചാരണം അവസാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
Story Summary:
Widespread violence broke out across Kerala during the final day of public campaigning for the 2026 Assembly elections. In Paravur, Ernakulam, a Congress worker named Ali collapsed and died during the rally. Clashes were reported in Pattambi, Kottarakkara, and Neyyattinkara between UDF, LDF, and NDA workers. Police personnel and political leaders sustained injuries in various districts as authorities struggled to maintain order during the ‘Kottikkalasham’.

