കെഫോണില്‍ കണക്ടായി കേരളം: ഒരു ലക്ഷം കടന്ന് കണക്ഷനുകള്‍

K-fon
Published on

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമം.

62781 എഫ്ടിടിഎച്ച് കണക്ഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 23,163 കണക്ഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 2729 കണക്ഷനുകള്‍, ഒന്നാം ഘട്ടത്തില്‍ 5251ഉം രണ്ടാം ഘട്ടത്തില്‍ 6150ഉം ഉള്‍പ്പടെ 11402 ബി.പി.എല്‍ കണക്ഷനുകള്‍, ഒന്‍പത് ഡാര്‍ക്ക് ഫൈബര്‍ ഉപഭോക്താക്കള്‍ (ഏഴായിരത്തിലധികം കിലോമീറ്റര്‍), പ്രത്യേക പരിപാടികള്‍ക്കായി 14 കണക്ഷനുകള്‍ എന്നിങ്ങനെ ആകെ 1,00,098 ഉപഭോക്താക്കളാണ് നിലവില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്. ആകെ 3800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

കെഫോണ്‍ ഓഫീസില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഇ ആന്‍ഡ് ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കെഫോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) എന്നിവര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കെഫോണ്‍ ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മാറ്റി നിര്‍ത്തപ്പെടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ കെഫോണ്‍ നേതൃത്വം നല്‍കുകയാണെന്ന് കെഫോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. വളരെ വിപുലമായ ലക്ഷ്യമാണ് കെഫോണിന് മുന്നിലുള്ളത്. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കും വരെയും കെഫോണ്‍ വിശ്രമമില്ലാത്ത പരിശ്രമം തുടരും. ആദ്യ ലക്ഷ്യമെന്ന നിലയ്ക്ക് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം പ്രവര്‍ത്തന വഴിയിലെ ഒരു നാഴികക്കല്ലാണെന്നും ഈ നേട്ടത്തിന് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com