കോട്ടയം: കേരള രാഷ്ട്രീയത്തിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ച മുന്നണി മാറ്റ ചർച്ചകൾക്കിടെ, കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. രാവിലെ 11 മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ നിർണ്ണായക ഒത്തുചേരലാണ്. (Kerala Congress M's steering committee meeting today)
മുന്നണി മാറ്റം സംബന്ധിച്ച ഭിന്നതകൾ പാർലമെന്ററി പാർട്ടിയിൽ ശക്തമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ യോഗം നടക്കുന്നത്. മുന്നണി മാറ്റ നീക്കത്തെച്ചൊല്ലി പാർട്ടിയിൽ രണ്ട് തട്ടിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത് എന്നാണ് സൂചന.
നിലവിൽ ഉയരുന്ന വാർത്തകളെ ജോസ് കെ. മാണി പരസ്യമായി തള്ളിക്കളഞ്ഞിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ എൽ.ഡി.എഫിൽ തുടരണമെന്ന നിലപാടിലാണ്. അഞ്ചിൽ മൂന്ന് എം.എൽ.എമാരും എൽ.ഡി.എഫിനൊപ്പം നിൽക്കാൻ താൽപ്പര്യപ്പെടുന്നു എന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം വിലയിരുത്തൽ, മുന്നണി മാറ്റ ചർച്ചകൾ അണികൾക്കിടയിലുണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാ ശാക്തീകരണം എന്നിവയാണ് പ്രധാന അജണ്ടകൾ.