

കൊച്ചി/തിരുവനന്തപുരം: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. യുവതിയെ മർദിച്ച നിലവിലെ അരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
2024-ൽ നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ക്രൂരത അരങ്ങേറിയത്. ഷൈമോൾ എൻ.ജെ എന്ന യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാനെത്തിയതായിരുന്നു ഷൈമോൾ. മറ്റ് പോലീസ് ഉദ്യോഗസ്ഥരും വനിതാ പോലീസുകാരും നോക്കിനിൽക്കെയായിരുന്നു പ്രതാപചന്ദ്രന്റെ അതിക്രമം. മർദനത്തിന് ശേഷം മറ്റ് ഉദ്യോഗസ്ഥർ പ്രതാപചന്ദ്രനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മർദനമേറ്റ വിവരം 2024-ൽ തന്നെ ഷൈമോൾ വെളിപ്പെടുത്തിയിരുന്നെങ്കിലും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ കടുത്ത നിയമപോരാട്ടം തന്നെ വേണ്ടിവന്നു. ഒടുവിൽ കോടതി ഇടപെടലിലൂടെയാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്. ദൃശ്യങ്ങൾ തെളിവായി വന്നതോടെ പോലീസ് വകുപ്പ് പ്രതിരോധത്തിലായിരിക്കുകയാണ്.
രൂക്ഷമായ മനുഷ്യാവകാശ ലംഘനം നടന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉടൻ ഉണ്ടായേക്കും.