തിരുവനന്തപുരം: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്കിപ്പുറമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുമായി നേരിട്ട് സംവദിക്കുക, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുക, ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം നൽകുക എന്നിവയാണ് മുഖ്യമന്ത്രിയുടെ ഈ പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.(Kerala Chief Minister in Kuwait after 28 years)
ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി സ്വീകരിച്ച അതേ രീതിശാസ്ത്രം തന്നെയാകും കുവൈത്തിലും പിന്തുടരുക. തുടർഭരണം എങ്ങനെ കേരളത്തിന് നേട്ടമായി എന്നും പുതുതായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ പ്രവാസികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം വിശദീകരിക്കും.
കുവൈത്തിലെ പ്രവാസി സമൂഹത്തിൽ നിന്നുള്ള അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈത്ത് മലയാളി സമൂഹത്തോട് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രവാസികൾക്കായി സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ഔദ്യോഗിക പരിപാടികളും ഉണ്ടാകും.