തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു.(Kerala Budget 2026 presentation begins in Assembly)
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സാധാരണക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്ര സർക്കാർ ബോധപൂർവ്വം കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധനമന്ത്രി സഭയിൽ രേഖപ്പെടുത്തിയത്.
സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സംസ്ഥാനങ്ങൾക്ക് സ്വയം പണം കണ്ടെത്താനുള്ള വായ്പാ പരിധിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അവഗണിക്കുകയാണ്. ഈ പദ്ധതിയുടെ "അന്ത്യത്തിന്റെ ആരംഭമാണ്" ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നതിലൂടെ ഇന്ത്യയുടെ ഫെഡറൽ സംവിധാനം വെല്ലുവിളി നേരിടുകയാണെന്നും മന്ത്രി പറഞ്ഞു.
യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികൾക്കും കേന്ദ്ര സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനങ്ങൾക്കും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ മുൻഗണന. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 'കണക്ട് ടു വർക്ക്'പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. കേരളത്തിലെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾക്കും ഇത് വലിയ കരുത്താകും.
സംസ്ഥാനത്തിന്റെ കടം ഭയാനകമായ അവസ്ഥയിലാണെന്ന പ്രതിപക്ഷ വിമർശനങ്ങളെ മന്ത്രി തള്ളി. കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും (Sustainable level) ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് തുടർച്ചയായി അവഗണന കാണിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അർഹമായ വിഹിതം നൽകാതെ തൊടുന്യായങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ്.
ഇത്രയേറെ സാമ്പത്തിക പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും വികസന പ്രവർത്തനങ്ങളിൽ കേരളം പിന്നോട്ട് പോയിട്ടില്ലെന്നും സർക്കാർ വികസനത്തിൽ കുറവുണ്ടാക്കാതെ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാമൂഹിക സുരക്ഷാ പെൻഷനുകൾ ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 14,500 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഏറെ നാളായി സർക്കാർ ജീവനക്കാർ ഉറ്റുനോക്കിയിരുന്ന ഡി.എ (ക്ഷാമബത്ത) കുടിശിക വിഷയത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ധനമന്ത്രി. കുടിശിക പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടാതെ താഴേത്തട്ടിലുള്ള വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഓണറേറിയം വർദ്ധിപ്പിച്ചു.
ഡി.എ കുടിശിക തീർക്കാൻ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത പ്രസംഗത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ഉണ്ടായേക്കും. അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 1,000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും വർദ്ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയത്തിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി.
ഇതുവരെ സർക്കാർ നൽകിയ ഉറപ്പുകളെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞു. ഓരോ വികസന-ക്ഷേമ പദ്ധതികളും തലയുയർത്തി ചർച്ച ചെയ്യാവുന്ന വിധത്തിലുള്ള ആത്മവിശ്വാസം സർക്കാരിനുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിലൂടെ കേരളത്തിൽ ഒരു 'ന്യൂ നോർമൽ' വികസന രീതി കെട്ടിപ്പടുക്കാൻ കഴിഞ്ഞു. പ്രളയം, മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇത് കേവലം പ്രഖ്യാപനങ്ങളുടെ ബജറ്റല്ല, മറിച്ച് പ്രായോഗികമായ വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് സഭയ്ക്ക് മുന്നിൽ വെക്കുന്നത്.
മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് സഭാ നടപടികളിൽ പങ്കെടുക്കുന്നില്ല. അദ്ദേഹം നിലവിൽ അടൂരിലെ വസതിയിലാണ്. ക്ഷേമ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, അഷ്വേർഡ് പെൻഷൻ തുടങ്ങിയ നിർണ്ണായക പ്രഖ്യാപനങ്ങളിലേക്കും മന്ത്രി ഉടൻ കടക്കുമെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.