തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദവും അസാധാരണ പ്രതിഷേധവും. സഭാനടപടികൾ ആരംഭിച്ചതു മുതൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തിയ പ്രതിപക്ഷം 'പോറ്റി പാട്ടുകൾ' പാടിയാണ് പ്രതിഷേധിച്ചത്.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം പാടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. "സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ" എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷം ഇതിനെ പ്രതിരോധിച്ചത്. സ്വർണം കട്ടത് ആരെന്നറിയാൻ അടൂർ പ്രകാശിനോട് ചോദിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ സന്ദർശിച്ച വിഷയം മന്ത്രി വി. ശിവൻകുട്ടി സഭയിൽ ഉന്നയിച്ചു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി ആരോപിച്ചു.
പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടുകയാണെന്നും കളവ് ചെയ്തത് അവരാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പ്രതിഷേധം കനത്തതോടെ സഭയിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടയിലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയുമായി സഭ മുന്നോട്ട് പോയി.