തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം പുരോഗമിക്കെ, ശബരിലമല സ്വർണ്ണക്കൊള്ള വിഷയത്തെച്ചൊല്ലി ഇന്ന് സഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകും. സ്വർണ്ണക്കൊള്ളക്കേസ് അടിയന്തര പ്രമേയമായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.
കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ സി.പി.എം ബന്ധം സഭയിൽ ഉന്നയിക്കും. കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴി പ്രതിപക്ഷം ആയുധമാക്കും. അതേസമയം , പ്രതിപക്ഷ നീക്കത്തെ നേരിടാൻ ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ ആരംഭിക്കുന്ന ഒൻപത് മണി മുതൽ തന്നെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റത്തിന് സാധ്യതയുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും.
എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
അതേസമയം, സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റും സി.പി.എം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് വാസു അപ്പീൽ നൽകിയത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമില്ലെന്നുമാണ് അപ്പീലിലെ വാദം. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ എ. പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.