തിരുവനന്തപുരം : ജനവാസമേഖലയിൽ ഇറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളം ഭേദഗതി കൊണ്ടുവരുന്നത് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ്. (Kerala Assembly Session)
ഇത് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യജീവിയെ വെടിവച്ച് കൊല്ലാൻ ഉത്തരവിടാവുന്നതാണ്. എന്നിരുന്നാലും ഇതിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിച്ച് മാറ്റാനുള്ള നിയമ ഭേദഗതി ബില്ലും ഇന്ന് സഭയിൽ അവതരിപ്പിക്കും.
വിലക്കയറ്റം അടിയന്തിരപ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, സഭാകവാടത്തിൽ എം എൽ എമാരുടെ സത്യാഗ്രഹ സമരം നടക്കുകയാണ്.