തിരുവനന്തപുരം : കേരളത്തിൽ ഭീതിയായി പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രതിപക്ഷത്തിന് മറുപടിയും നൽകി.(Kerala Assembly Session)
12 മണിയോടെയാണ് ചതിച്ച ആരംഭിച്ചത്. പ്രാധാന്യമുള്ള വിഷയം ആയതിനാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു.
ഇത് അപൂർവ്വ രോഗമാണെന്നും, എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ടെന്നും പറഞ്ഞ മന്ത്രി, കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിഞ്ഞുവെന്നും, 2024 ല്‍ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുവെന്നും കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിൽ കേരളം അമേരിക്കൻ ഐക്യനാടുകളേക്കാൾ മുന്നിലാണെന്നും, പ്രതിപക്ഷം അത് അഭിമാനമായല്ല, അപമാനമായാണ് കാണുന്നതെന്നും പറഞ്ഞ വീണ ജോർജ്, ആരോഗ്യ വകുപ്പ് ഇരുട്ടിൽ തപ്പുന്നുവെന്ന് പ്രതിപക്ഷം പറയുന്നുവെന്നും, എന്നാൽ പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും ചൂണ്ടിക്കാട്ടി.
കേരളം നിപ പോലുള്ള രോഗത്തെ പിടിച്ചുകെട്ടിയതാണെന്നും, മരണനിരക്ക് 33 ശതമാനം മാത്രമാണെന്നും അവർ വ്യക്തമാക്കി. കാത് ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്‍ഡിഎഫിന്‍റെ ഭരണ നേട്ടമാണെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിഷേധിച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.