തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിന് പിന്നാലെ ഇന്ന് എം എൽ എയും അത്തരത്തിൽ പരാമർശം നടത്തിയിരിക്കുകയാണ്. പി പി ചിത്തരഞ്ജൻ എം ൽ എ ആണ് ഇത്തരത്തിൽ സഭ്യേതര പരാമർശം നടത്തിയത്. (Kerala Assembly Session today)
രണ്ട് കയ്യുമില്ലാത്ത ഒരാളുടെ പിന്നിൽ ഉറുമ്പ് കയറിയാലുള്ള അവസ്ഥയെന്നാണ് പ്രതിപക്ഷത്തിന് നേർക്ക് അദ്ദേഹം ഉയർത്തിയ പരിഹാസം. ചോദ്യോത്തര വേളയ്‌ക്കിടെയാണ് ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടുള്ള ഈ പരാമർശം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ അംഗത്തിന്റെ ഉയരത്തെ പരിഹസിച്ചിരുന്നു.
ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ഇന്നും നിയമസഭ പ്രക്ഷുബ്ധം. തുടർച്ചയായ നാലാം ദിനമാണ് സഭ ബഹളത്തിൽപ്പെടുന്നത്. സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് സംസാരിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും പരാമർശിച്ചു. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിടെ സ്പീക്കറും വി ഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായി. താൻ സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബാനറുമായി നടുത്തളത്തിലേക്കിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. അത് പിടിച്ചുവാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിനോട് ഉത്തരവിട്ടു. ഇത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. ഒരു വനിതയെ ആക്രമിച്ചെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്നും സ്പീക്കറും പറഞ്ഞു. ബാനർ മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി ഗണേഷ് കുമാർ ആവശ്യപ്പെട്ടു.