തിരുവനന്തപുരം : നിയമസഭയിലുണ്ടായ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർക്ക് സസ്‌പെൻഷൻ ലഭിച്ചു. നടപടി ഉണ്ടായിരിക്കുന്നത് റോജി എം ജോൺ, എം വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കെതിരെയാണ്. (Kerala Assembly Session today)
എം ബി രാജേഷ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നുവെന്ന് പറഞ്ഞു. പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും അദ്ദേഹത്തെ സഭയെ അറിയിച്ചു. എം എൽ എമാരെ സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ഇത് സ്പീക്കർ അംഗീകരിച്ചു. പിന്നാലെയാണ് നടപടി ഉണ്ടായത്.
അതേസമയം, മന്ത്രിമാരും ചില ഭരണപക്ഷ എം എൽ എമാരും സഭയിൽ സഭ്യമല്ലാത്ത രീതിയിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഈ പരാമർശങ്ങൾ എല്ലാം തന്നെ സ്പീക്കർ കേട്ടുകൊണ്ട് ഇരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾ സമാധാനപരമായ സമരമാണ് നടത്തിയതെന്നും, വിൻസെന്റ് എം എൽ എയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു വയ്ക്കുകയും അദ്ദേഹത്തിന് ശ്വാസതടസം ഉണ്ടാവുകയും ചെയ്‌തെന്നും, സനീഷ് കുമാറിന് മുറിവേറ്റുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചതെന്നും, ഇന്ന് സഭയിൽ കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഉണ്ടായതെന്നും പറഞ്ഞ സതീശൻ, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടാണ് സംസാരിച്ചതെന്നും പ്രതികരിച്ചു
രണ്ടു കയ്യുമില്ലാത്ത ആളുകൾ പിന്നിൽ ഉറുമ്പ് കയറിയാൽ എന്ത് ചെയ്യുമെന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ പരാമർശമാണ് അദ്ദേഹം നടത്തിയതെന്നാണ് വി ഡി സതീശൻ പറഞ്ഞത്. കിട്ടിയ അവസരത്തിൽ ഗണേഷ് കുമാർ വിരോധം തീർത്തുവെന്നും, എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തിയെന്നും സ്പീക്കർ ഇതിന് കുട പിടിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി. മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്നുവെന്നും, അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റത് ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് എന്നും വ്യക്തമാക്കിയ സതീശൻ, തങ്ങൾ ഇത് കൊണ്ടൊന്നും തോറ്റുപോകില്ല എന്നും കൂട്ടിച്ചേർത്തു. 18-ാം തീയതി ചെങ്ങന്നൂരില്‍നിന്ന് പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.