തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം അമ്പേ പാളി. സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. അനുമതിയില്ലാതെ സ്വർണ്ണപ്പാളി കൊണ്ടുപോയതും, തൂക്കം നാല് കിലോയോളം കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച്ച നടത്താനും അനുമതി തേടിയത്. (Kerala Assembly Session on Sabarimala Gold case)
എന്നാൽ, അനുമതി നിഷേധിക്കപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. സംഭവം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, നോട്ടീസ് പരിഗണിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളിൽ മുൻപ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് കൊതിക്കെറുവെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.