തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കേരള നിയമസഭ അനുശോചിച്ചു. സഭാ നടപടികൾക്കിടെ മരണവാർത്ത പുറത്തുവന്നതിനെത്തുടർന്ന് സഭ താൽക്കാലികമായി നിർത്തിവെച്ച് അംഗങ്ങൾ മൗനം ആചരിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്നവരും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു.(Kerala Assembly pays tribute to Ajit Pawar, Members observe silence)
എൻ.സി.പി ദേശീയ പ്രവർത്തക സമിതി അംഗം കൂടിയായ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അജിത് പവാറിന്റെ മരണം അവിശ്വസനീയമാണെന്ന് പ്രതികരിച്ചു. "ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്കുള്ളത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ വിയോഗം വഴിവെക്കും," അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം താഴെയെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആണ് വിവരം തുടർന്ന് വിമാനം പൂർണ്ണമായും കത്തിയമർന്നു.
അപകടവിവരമറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമതിയിലേക്ക് തിരിച്ചു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എം.പിയും ഡൽഹിയിൽ നിന്ന് ബാരാമതിയിലേക്ക് തിരിച്ചിട്ടുണ്ട്. അജിത് പവാറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു.