തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ ദിനങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala announces Rs 1,000 crore for employment guarantee scheme in Kerala Budget 2026)
കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തിലും പദ്ധതി കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ 1,000 കോടി രൂപ സംസ്ഥാനം അധികമായി നീക്കിവെച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമത കുറയ്ക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഇടപെടലുകൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളം, കേന്ദ്രത്തിന്റെ തടസ്സങ്ങൾക്കിടയിലും സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കേന്ദ്രത്തിന്റെ പുതിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഈ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം കൂലി ഇനത്തിലെ കേന്ദ്ര വിഹിതം 100 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറയ്ക്കുന്നു. ഇതുവഴി കേരളത്തിന് പ്രതിവർഷം 3,500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെയും സംസ്ഥാനം പ്രതിഷേധം അറിയിച്ചിരുന്നു.