

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026-ലെ പ്രവേശന പരീക്ഷയ്ക്ക് (KEAM 2026) അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പിച്ചു തുടങ്ങുന്ന തീയതി: ജനുവരി 5, 2026
അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31, വൈകുന്നേരം 5.00 മണി വരെ.
സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി: ഫെബ്രുവരി 7, വൈകുന്നേരം 5.00 മണി വരെ (മറ്റ് യോഗ്യതാ രേഖകൾക്ക്).
അപേക്ഷിക്കേണ്ട രീതി
വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ "KEAM 2026 Online Application" എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും. അപേക്ഷയുടെ കൺഫർമേഷൻ പേജോ മറ്റ് രേഖകളോ തപാൽ വഴി അയക്കേണ്ടതില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആവശ്യമായ രേഖകൾ: അപേക്ഷയോടൊപ്പം എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും ജനുവരി 31-നകം നിർബന്ധമായും അപ്‌ലോഡ് ചെയ്തിരിക്കണം.
മെഡിക്കൽ കോഴ്‌സുകൾ: എംബിബിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതാണ്.
ആർക്കിടെക്‌ചർ: ആർക്കിടെക്‌ചർ കോഴ്‌സിനായി കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ നടത്തുന്ന NATA പരീക്ഷാ ഫലമാണ് പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്കും വിശദമായ പ്രോസ്‌പെക്‌റ്റസിനും www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.