
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ്‍ കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മത്സരാവേശമേറ്റിക്കൊണ്ട് തങ്ങളുടെ അന്തിമ ടീം അംഗങ്ങളെ പ്രഖ്യാപിച്ച് തൃശൂര്‍ ടൈറ്റന്‍സ്. മധ്യനിര ബാറ്ററും ഇടം കയ്യൻ സ്പിന്നറുമായ സിജോമോന്‍ ജോസഫ് ഈ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിനെ നയിക്കും. വലം കൈയന്‍ ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണിലും ടീമിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വച്ച വരുണ്‍ നായനാര്‍, ഇമ്രാന്‍ അഹമ്മദ്, നിധീഷ് എംഡി, ആദിത്യ വിനോദ്, മുഹമ്മദ് ഇഷാഖ് എന്നിവരും ഈ സീസണിലും കിരീട സ്വപ്‌നവുമായി തൃശൂര്‍ ടൈറ്റന്‍സിനായി ഈ ക്രിക്കറ്റ് പൂരത്തില്‍ അണിനിരക്കും. കഴിഞ്ഞ സീസണില്‍ എമേര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ അഹമ്മദില്‍ ഈ സീസണിലും ടീമിന് പ്രതീക്ഷകള്‍ ഏറെയാണ്.
ടീം അംഗങ്ങള്‍ :
ആനന്ദ് ജോസഫ്
വലം കൈയ്യന്‍ ഓള്‍ റൗണ്ടര്‍. കട്ടപ്പന സ്വദേശിയായ ആനന്ദ് ജോസഫ് ബാറ്റിംഗിലും ബോളിംഗിലും തന്റെ സമാനതകളില്ലാത്ത പ്രകടനം ഉറപ്പുനല്‍കുന്നു. സംസ്ഥാനതലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ വലം കൈയ്യന്‍ ബാറ്ററും മീഡിയം പേസറുമായ ആനന്ദ് ജോസഫിന് സാധിച്ചിട്ടുണ്ട്.
അജിനാസ് കെ
വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരനായ അജിനാസ് കെ, ഇടം കൈയ്യന്‍ ഓള്‍ റൗണ്ടറാണ്. മൂര്‍ച്ചയേറിയ ഇടം കൈ സ്പിന്നാണ് മച്ചാന്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും വളര്‍ന്നുവന്ന അജിനാസിന്റെ കരുത്ത്, അത് ടീമിനാകെയും മുതല്‍ക്കൂട്ടാകുന്നു. വിരാട് കോലിയെ ആരാധ്യപുരുഷനായി കാണുന്ന അജിനാസിന്റെ സ്വപ്‌നങ്ങളിലും അതേ നിറവുള്ള കരിയറാണുള്ളത്. ഇടം കൈയ്യന്‍ സ്പിന്നര്‍ എന്നതിന് പുറമേ, മധ്യ നിര ബാറ്റര്‍ എന്ന നിലയിലും ടീമിന് അജിനാസ് പ്രതീക്ഷകള്‍ നല്‍കുന്നു.
രോഹിത് കെ.ആര്‍
17 വയസ്സ് മാത്രം പ്രായമുള്ള രോഹിത് കെ.ആര്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള കേരള അണ്ടര്‍ 19 ടീം അംഗമാണ്. രോഹിത് ശര്‍മയാണ് വളര്‍ന്നുവരുന്ന ഈ താരത്തിന്റെ ക്രിക്കറ്റിംഗ് ഐഡൽ. തൃശൂരിലേക്ക് കപ്പ് കൊണ്ടുവരിക എന്ന സ്വപ്‌നവുമായാണ് രോഹിത് കെസിഎല്ലില്‍ കളിക്കാനിറങ്ങുന്നത്. കേരള അണ്ടര്‍ 19 ടീമിലെ ഓപ്പണര്‍ ആയ രോഹിത് വലം കൈയ്യന്‍ ബാറ്ററാണ്. ഓഫ് സിപ്ന്നിലും രോഹിത് മികവ് തെളിയിച്ചിട്ടുണ്ട്.
സിബിന്‍ പി ഗിരീഷ്
മലപ്പുറത്തിന്റെ ക്രിക്കറ്റ് ആവേശവുമായി തൃശൂര്‍ ടൈറ്റന്‍സിലെത്തുന്ന താരമാണ് സിബിന്‍ പി ഗിരീഷ്. വലം കൈയ്യന്‍ ഓള്‍ റൗണ്ടറായ സിബിന്‍ ടോപ്പ് ഓര്‍ഡറിലും മധ്യനിരയിലും തന്റെ പ്രകടന മികവ് തെളിയിച്ചിട്ടുണ്ട്. ഒപ്പം ഫാസ്റ്റ് - മീഡിയം ബൗളറും കൂടിയാണ്. എന്‍എസ്‌കെ ട്രോഫിയില്‍ മലപ്പുറത്തെ പ്രതിനിധാനം ചെയ്തു. തൃശൂര്‍ വെടിക്കെട്ട് സിബിനിലൂടെ കെസിഎല്‍ സീസണ്‍ ടുവില്‍ കാണാമെന്നാണ് ടീമിന്റെ പ്രതീക്ഷ.
ഷോണ്‍ റോജര്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ അനുഭവ സമ്പത്തുമായാണ് ഷോണ്‍ റോജര്‍ ടൈറ്റന്‍സ് ടീമിലേക്കെത്തുന്നത്. ടോപ്പ് ഓര്‍ഡര്‍ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമായ ഷോണ്‍ കൃത്യതയാര്‍ന്ന തന്റെ പ്രകടനത്തിലൂടെ ഈ സീസണില്‍ ടീമിന് കൂടുതല്‍ കരുത്താകും. ഓള്‍ റൗണ്ടറായ ഷോണ്‍ തിരുവനന്തപുരത്തു നിന്നുമുള്ള വലം കൈയ്യന്‍ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമാണ്.
അര്‍ജുന്‍ എ.കെ.
സ്വതവേ വലം കൈയ്യനായ ഒരു വ്യക്തി, തന്നെ ഒരു ഇടം കൈയ്യന്‍ ബാറ്ററായി മാറ്റിയെടുത്താലോ? അതാണ് അര്‍ജുന്‍ എ.കെ. മധ്യനിരയ്ക്ക് അര്‍ജുന്‍ കരുത്ത് പകരുന്നു. തിരുവനന്തപുരം ലിറ്റില്‍ മാസ്റ്റേഴ്‌സ് അക്കാദമിയില്‍ നിന്നുള്ള അര്‍ജുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്.
ആനന്ദ് കൃഷ്ണന്‍
നിലമ്പൂരില്‍ നിന്നുള്ള ഇടം കൈയ്യന്‍ ഓപ്പണറായ ആനന്ദ് കൃഷ്ണന്‍ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെഎസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി ഇറങ്ങുന്നത്.
അമല്‍ രമേഷ്
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കാരനായ ഈ ഓള്‍ റൗണ്ടര്‍ മധ്യനിര ബാറ്റിംഗിലും ഒപ്പം ഓഫ് സ്പിന്നര്‍ എന്ന നിലയിലും തിളങ്ങുന്നു. ഹൃദയം കൊണ്ട് കളിച്ച് വിജയത്തിലെത്തുക എന്നതാണ് ജലദ് സക്‌സേനയുടേയും യുവിയുടേയും ആരാധകനായ അമലിന്റെ വിജയതന്ത്രം. വലം കൈയ്യന്‍ ഓള്‍റൗണ്ടറായ അമലിന് സീനിയര്‍ ടി20 യിലും കളിച്ച അനുഭവ പരിചയമുണ്ട്.
വിഷ്ണു മേനോന്‍ രഞ്ജിത്ത്
ടൈറ്റന്‍സ് ക്യാംപിലെ ഏറ്റവും പ്രായം കുറഞ്ഞ വെടിക്കെട്ട് ബാറ്ററാണ് വിഷ്ണു. പാലക്കാടുകാരനായ വിഷ്ണു അണ്ടര്‍19 കേരള ടീമിന്റെ ഓപ്പണറാണ്. വലം കൈയ്യന്‍ ബാറ്ററായ വിഷ്ണു കഴിഞ്ഞ സീസണിൽ ടൈറ്റന്‍സിന്റെ ഓപ്പണറായിരുന്നു. പാര്‍ട്ട് ടൈം ലൈഗ് സ്പിന്നര്‍ കൂടിയാണ് വിഷ്ണു.
സിജോമോന്‍ ജോസഫ്
പാലായില്‍ നിന്നുള്ള സിജോമോന്‍ ടൈറ്റന്‍സിന്റെ മധ്യനിര ബാറ്ററാണ് ഒപ്പം ഇടം കൈയ്യന്‍ സ്പിന്നറും. സംസ്ഥാന തലത്തില്‍ വിവിധ മത്സരങ്ങളിലെ അനുഭവ സമ്പത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ സിജോമോന് കരുത്താകുന്നു.
അജു പൗലോസ്
ഇടുക്കി അടിമാലി സ്വദേശിയായ അജു പൗലോസ് ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. അണ്ടര്‍ 19, അണ്ടര്‍ 25, യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ തുടങ്ങിയവയില്‍ കേരളത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്ത്.
ആതിഫ് ബിന്‍ അഷ്‌റഫ്
തൃശൂരില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വളര്‍ന്നുവന്ന കളിക്കാരന്‍. വലം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന നിലയിലും ഒപ്പം ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗിലും ടീമിന് വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുന്ന താരം. ഗ്ലെന്‍ മഗ്രാത്തിനേയും നെയ്മറിനേയും ഒരുപോലെ ആരാധിക്കുന്ന ആതിഫ് സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയ പേസ് ബൗളറാണ്.
അദിത്യ വിനോദ്
എറണാകുളം ജില്ലയിലെ പാലാരിവട്ടത്തുനിന്നുമുള്ള ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍. മിഡില്‍ ഓര്‍ഡര്‍ ബാറ്ററായും വലംകൈയ്യന്‍ മീഡിയം പേസറായും കഴിവ് തെളിയിച്ച ആദിത്യ വിനോദിന് സോണല്‍ അണ്ടര്‍ 23യില്‍ കളിച്ച അനുഭവ പരിചയവുമുണ്ട്.
അരുണ്‍ പൗലോസ്
തൃശൂര്‍ ടൈറ്റന്‍സിലെ മുതിര്‍ന്ന താരങ്ങളിലൊരാള്‍. ആലുവക്കാരനായ അരുണ്‍ കേരള ടീമില്‍ കളിച്ചിട്ടുണ്ട്. ഈ വലം കൈയ്യന്‍ വെടിക്കെട്ട് ഓപ്പണറുടെ അനുഭവ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകും.
വിനോദ് കുമാര്‍ സിവി
രഞ്ജി ട്രോഫി, സൈദ് മുഷ്താഖ് അലി, വിജയ് ഹസാരെ അങ്ങനെ മുന്‍നിര ടൂര്‍ണമെന്റുകളില്ലാം തന്റെ പേര് അടയാളപ്പെടുത്തിയ കളിക്കാരന്‍. തൃശൂരില്‍ നിന്നുള്ള ഈ വലം കൈയ്യന്‍ ഓള്‍ റൗണ്ടര്‍ ബാറ്റിംഗിലും ബോളിംഗിലും തന്റെ മികച്ച പ്രകടനം ഉറപ്പാക്കുന്നു. മധ്യനിര ബാറ്റിംഗിലും വലംകൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ എന്ന നിലയിലും തിളങ്ങി.
അക്ഷയ് മനോഹര്‍
അണ്ടര്‍19 സംസ്ഥാനതല ടൂര്‍ണമെന്റില്‍ 400ന് മുകളില്‍ റണ്ണുകള്‍ നേടുകയും 35 വിക്കറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തുകൊണ്ട് രാജ്യത്തെ ഓഫ് സ്പിന്നര്‍മാരില്‍ ഒന്നാം സ്ഥാനം സ്വായക്തമാക്കിയ കളിക്കാരന്‍. വലം കൈയന്‍ ഓഫ് സ്പിന്നറും മധ്യനിര ബാറ്ററും.
നിധീഷ് എംഡി
സംസ്ഥാനതല മത്സരങ്ങളിലെ അനുഭവ സമ്പത്തുമായെത്തുന്ന കാഞ്ഞിരമറ്റംകാരനായ നിധീഷ് ഫാസ്റ്റ് ബൗളറാണ്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച നിധീഷ് ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലെയറുമാണ്.
മുഹമ്മദ് ഇഷാഖ്
പരപ്പനങ്ങാടിയില്‍ നിന്നുള്ള ഇടം കൈയ്യന്‍ സ്പിന്നര്‍. അണ്ടര്‍ 25ല്‍ കേരളത്തെ പ്രതിനിധീകരിച്ചു.
ഇമ്രാന്‍ അഹമ്മദ്
തിരുവനന്തപുരത്തുനിന്നുള്ള ഇമ്രാന്‍ അഹമ്മദ് തന്റെ 7ാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതാണ്. 13ാം വയസ്സില്‍ത്തന്നെ കേരള സംസ്ഥാന ടീമില്‍ അംഗമായി. എന്‍സിഎ, ബുചി ബാബു ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചു. അണ്ടര്‍ 19 കൂച്ച് ബീഹാര്‍ ട്രോഫിയില്‍ 400 റണ്ണുകളും 16 വിക്കറ്റുകളും നേടിക്കൊണ്ട് ശ്രദ്ധേയനായി. അണ്ടര്‍ 23 സര്‍ക്യൂട്ടിലും കേരളത്തെ പ്രതിനിധീകരിച്ചു.
വരുണ്‍ നായനാര്‍
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ വരുണ്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്ററും വിക്കറ്റ് കീപ്പറും. സംസ്ഥാന രഞ്ജി ടീമില്‍ അംഗം.
ഒരു മാസം നീളുന്ന മത്സര പരമ്പരകള്‍ക്ക് ശേഷം കേരള ക്രിക്കറ്റ് ലീഗിന് തിരശ്ശീല വീഴുമ്പോള്‍ പൂരങ്ങളുടെ നാട്ടിലേക്ക് ഈ ക്രിക്കറ്റ് പൂരത്തിന്റെ കിരീടവും എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ പൂര്‍ണ കരുത്തോടെ തയ്യാറെടുക്കുകയാണ് തൃശൂര്‍ ടൈറ്റന്‍സ്