'അപക്വവും ധാർഷ്ട്യം നിറഞ്ഞതും': മദ്യോൽപ്പാദനം സംബന്ധിച്ച മന്ത്രി MB രാജേഷിൻ്റെ പരാമർശത്തിൽ KCBC മദ്യവിരുദ്ധ സമിതി | Liquor

പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ് എന്നും സമിതി പറഞ്ഞു
KCBC Anti-Liquor Committee on Minister MB Rajesh's remarks on liquor production
Published on

കൊച്ചി: കേരളത്തിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി കേരളം മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇനിയും ഉത്പാദനം കൂട്ടാനുള്ള മന്ത്രിയുടെ പ്രതികരണം 'അപക്വവും ധാർഷ്ട്യം നിറഞ്ഞതു'മാണെന്ന് സമിതി വിമർശിച്ചു.(KCBC Anti-Liquor Committee on Minister MB Rajesh's remarks on liquor production)

മദ്യദുരന്തങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് ഇവിടത്തെ മദ്യം കഴിക്കാനല്ല, മറിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനുമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

പാലക്കാട് ബ്രൂവറി വ്യാമോഹം മാത്രം

പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജന താൽപര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. മദ്യനയത്തിൽ ഒരു ഘട്ടത്തിലും പൊതുജനത്തോട് കൂറുപുലർത്താത്ത സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്നും മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.

മദ്യനയം സംബന്ധിച്ച പ്രകടന പത്രിക ഇടതുമുന്നണി ഇനി പ്രസിദ്ധീകരിക്കരുത്. മുൻ തിരഞ്ഞെടുപ്പുകളിൽ നൽകിയ വാഗ്ദാനങ്ങൾ വ്യാജമായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പുതിയ നയങ്ങളിലൂടെ വിളിച്ച് പറയുകയാണെന്നും സമിതി ആരോപിച്ചു.

മന്ത്രിയുടെ പ്രസ്താവന

പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രി എം.ബി. രാജേഷ് തദ്ദേശീയ മദ്യത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് പറഞ്ഞത്. വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യാനും കഴിയണം. തദ്ദേശീയമായ എതിർപ്പുകൾ വരാമെങ്കിലും അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com