ആലപ്പുഴ: പാർലമെന്റിലെ തിരക്കുകൾക്കിടയിൽ നിന്ന് നാട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഭക്ഷണവും സന്തോഷവും പങ്കിട്ടു. ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ ഭാഗത്താണ് സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.(KC Venugopal shares happiness with workers in Alappuzha)
ഉച്ചഭക്ഷണ സമയത്താണ് അപ്രതീക്ഷിതമായി എംപി തൊഴിലാളികൾക്കിടയിലേക്ക് എത്തിയത്. കപ്പയും മുളക് അരച്ചതും കട്ടൻചായയും വാഴയിലയിൽ വിളമ്പി അവരോടൊപ്പം അദ്ദേഹം പങ്കിട്ടു. കയ്യിൽ മധുരപലഹാരങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ തൊട്ടടുത്ത ബേക്കറിയിൽ നിന്ന് ക്രിസ്മസ് കേക്ക് വാങ്ങിയെത്തി പണിസ്ഥലത്ത് വെച്ച് തന്നെ മുറിച്ചു. എല്ലാവർക്കും മധുരം നൽകി പുതുവത്സരാശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് കെ.സി. വേണുഗോപാൽ ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്. "മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുന്ന നിയമഭേദഗതികൾക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പോരാട്ടമാണ് നടത്തുന്നത്. നാട്ടിലെത്തിയപ്പോൾ ആദ്യം കണ്ട തൊഴിലാളികളോട് തന്നെ ഈ വിഷയങ്ങൾ സംസാരിക്കാമെന്നു കരുതിയാണ് അവിടെയിറങ്ങിയത്," എന്ന് അദ്ദേഹം കുറിച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികയ്‌ക്കൊപ്പം ഭക്ഷണം പങ്കിട്ടതിന്റെ വീഡിയോ വൈറലായിരുന്നു.