'UDF വിജയത്തിൽ KC വേണുഗോപാലിന് നിർണായക പങ്ക്, വിനയത്തോടെ സ്വീകരിക്കുന്നു, NDA വിജയം ലഡ്ഡുവിൻ്റെ മുകളിലെ മുന്തിരി പോലെ': സണ്ണി ജോസഫ് | UDF

കേരള ഹൗസിലെത്തിയ അദ്ദേഹത്തിന് ജീവനക്കാർ മധുരം നൽകി
'UDF വിജയത്തിൽ  KC വേണുഗോപാലിന് നിർണായക പങ്ക്, വിനയത്തോടെ സ്വീകരിക്കുന്നു, NDA വിജയം ലഡ്ഡുവിൻ്റെ മുകളിലെ മുന്തിരി പോലെ': സണ്ണി ജോസഫ് | UDF
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. വിജയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വലിയ പങ്കുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കെ.സി. വേണുഗോപാൽ മികച്ച പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.(KC Venugopal played a crucial role in UDF's victory, says Sunny Joseph)

യു.ഡി.എഫിന് മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും, ഇത് വളരെ മുൻപ് തന്നെ തുടങ്ങിയ തയ്യാറെടുപ്പുകളുടെയും എല്ലാവരുടെയും കൂട്ടായ്മയുടെയും ഫലമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എ.ഐ.സി.സി. മികച്ച പിന്തുണ നൽകി. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സർക്കാരിൻ്റെ കള്ളക്കളികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചു. സ്വർണക്കൊള്ളയിൽ കപ്പിത്താന്മാരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളായ നേതാക്കന്മാരെ സി.പി.എം. സംരക്ഷിക്കുകയാണ്. പാർട്ടി ഒരു നടപടി പോലും എടുത്തില്ല. ഇതെല്ലാം ജനം വിലയിരുത്തിയാണ് വോട്ട് ചെയ്തത്. വിനയത്തോടെയാണ് ഈ വിജയം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിൻ്റെ പരാജയത്തിന് പിന്നാലെ എം.എം. മണി നടത്തിയ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണ്. പെൻഷൻ അടക്കമുള്ളത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളോടുള്ള പാർട്ടിയുടെ സമീപനമാണ് എം.എം. മണിയുടെ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം. ആക്രമണം അഴിച്ചുവിടുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. പോലീസിൻ്റെ സാന്നിധ്യത്തിലാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സി.പി.എം. രാഷ്ട്രീയ നേതൃത്വം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷനിലെ എൻ.ഡി.എ. വിജയം 'ലഡ്ഡുവിൻ്റെ മുകളിലെ മുന്തിരി പോലെയാണ്'. മൊത്തത്തിൽ ബി.ജെ.പി.ക്ക് വലിയ നേട്ടമില്ല. തൃശ്ശൂരിൽ പോലും തോറ്റു. യു.ഡി.എഫിൻ്റെ ചരിത്ര വിജയത്തിൽ ഇതിനൊന്നും പ്രസക്തിയില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ബി.ജെ.പി.യെ അകറ്റിനിർത്താൻ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരള ഹൗസിലെത്തിയ സണ്ണി ജോസഫിനെ ജീവനക്കാർ മധുരം നൽകിയാണ് സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു.

Related Stories

No stories found.
Times Kerala
timeskerala.com