കണ്ണൂർ : ഡി ജി പി നിയമനത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉന്നയിച്ചത്. റവാഡ ചന്ദ്രശേഖറിൻറേത് കേന്ദ്രവുമായുള്ള ഒത്തുതീർപ്പ് നിയമനം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (KC Venugopal against Ravada Chandrasekhar)
എന്ത് കൊണ്ടാണ് യോഗേഷ് ഗുപ്തയെയും നിതിൻ അഗർവാളിനെയും തഴഞ്ഞതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സി പി എം രക്തസാക്ഷികളെ മറന്നുവെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. ഇത് കേന്ദ്രവുമായുള്ള രണ്ടാം ഡീൽ ആണെന്നും, അദ്ദേഹം ആരോപിച്ചു.
റവാഡ മോശക്കാരൻ ആണെന്ന് പറയുന്നില്ല എന്നും, മുൻനിലപാട് തെറ്റായിപ്പോയെന്ന് പറയാൻ സി പി എം ആർജ്ജവം കിട്ടണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഡി ജി പി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നിതിൻ അഗർവാളിനെ തള്ളി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത് മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നിതിൻ അഗർവാളിനെ മോദിക്കും കേന്ദ്ര സർക്കാരിനും ഇഷ്ടമല്ല എന്നും, താൻ എം എൽ എ ആയിരുന്ന കാലത്ത് എസ് പി ആയിരുന്ന അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നും പറഞ്ഞ കെ സി വേണുഗോപാൽ, ഇത് സി പി എമ്മും ബി ജെ പിയുമായുള്ള രണ്ടാമത്തെ ഡീൽ ആണെന്നും കൂട്ടിച്ചേർത്തു.