കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരസ്യമായി പുകഴ്ത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുൾ അസീസിനെ കേരള കോൺഗ്രസ് ബിയിലേക്ക് ക്ഷണിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ തലച്ചിറയിലെ അസീസിന്റെ വീട്ടിലെത്തി അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചു.(KB Ganesh Kumar welcomes leader who was expelled from Congress to Kerala Congress B)
കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രതികരണത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് ഗണേഷ് കുമാർ അസീസിനെ സ്വാഗതം ചെയ്തത്. "സത്യം പറഞ്ഞതിനാണ് തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയത്. കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല. സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് കോൺഗ്രസ് രീതി. സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ് ബിയിലേക്ക് സ്വാഗതം ചെയ്യുകയാണ്," മന്ത്രി കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിനെ 'കായ്ഫലമുള്ള മരം' എന്ന് വിശേഷിപ്പിക്കുകയും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് അസീസിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്. പാർട്ടി വിരുദ്ധ നടപടിയിൽ കെ.പി.സി.സി. വിശദീകരണം തേടിയതിന് പിന്നാലെ ഇന്നലെയാണ് അബ്ദുൾ അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.എഫ്. മന്ത്രിയുടെ പാളയത്തിലേക്ക് ചേക്കേറിയത് കൊല്ലം കോൺഗ്രസിന് വലിയ തിരിച്ചടിയായി.