സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഗണേഷ് കുമാർ; ശബരിമല വിഷയത്തിൽ യുഡിഎഫിനും വിമർശനം | Ganesh Kumar vs Suresh Gopi

സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഗണേഷ് കുമാർ; ശബരിമല വിഷയത്തിൽ യുഡിഎഫിനും വിമർശനം | Ganesh Kumar vs Suresh Gopi
Updated on

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങളെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വോട്ട് തട്ടാൻ വേണ്ടി സുരേഷ് ഗോപി എന്തും പറയുന്ന രീതിയാണ് സ്വീകരിക്കുന്നതെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

എയിംസ് (AIIMS) സ്ഥാപിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനകളെ ഗണേഷ് കുമാർ എടുത്തുപറഞ്ഞു. "ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്താണ് എയിംസ് വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിലെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് അദ്ദേഹം," ഗണേഷ് പരിഹസിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിലും മന്ത്രി പ്രതികരിച്ചു. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തുകയറ്റിയതും തന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ഉദ്ദേശിക്കുന്ന ആൾ പ്രതിയാകണമെന്നാണ് യുഡിഎഫും ബിജെപിയും ആഗ്രഹിക്കുന്നത്. ശബരിമലയിൽ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് മതവികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും ബിജെപിയെക്കാൾ അപകടകരമായ രീതിയിലാണ് അവരുടെ നീക്കമെന്നും മന്ത്രി വിമർശിച്ചു. ശബരിമല വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com