

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിയും നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും ശ്രീനിവാസന്റെ ഒരു ഡയലോഗെങ്കിലും ഓർക്കാതെ കടന്നുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന 'ഹാസ്യശ്രീ'യാണ് മാഞ്ഞുപോയതെന്ന് മന്ത്രി വിശേഷിപ്പിച്ചു.ശ്രീനിവാസന്റെ ഓരോ രചനകളും വെറുമൊരു ചിരി മാത്രമല്ല സമ്മാനിച്ചത്, മറിച്ച് മലയാളികളെ ഗൗരവമായി ചിന്തിപ്പിക്കുക കൂടി ചെയ്തു.അവിസ്മരണീയമായ ഡയലോഗുകൾ: "ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ..." തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഡയലോഗുകളെ ഗണേഷ് കുമാർ ഓർത്തെടുത്തു.
താനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ഈ വിടവ് ഇനി ഒരിക്കലും നികത്താൻ കഴിയില്ലെന്നും മന്ത്രി വികാരാധീനനായി പറഞ്ഞു.ഒരു നടൻ എന്നതിലുപരി മലയാള സിനിമയുടെ ദിശ നിർണ്ണയിച്ച തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ അഭാവം മലയാള കലാലോകത്ത് വലിയ ശൂന്യത സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.