തൃശൂർ : തനിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശന് മറുപടി നൽകി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓരോരുത്തരുടെയും പ്രതികരണം അവരവരുടെ സംസ്ക്കാരം അനുസരിച്ചായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. (KB Ganesh Kumar about Vellapally Natesan)
വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തൻ്റെ ലെവൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്വതയും സംസ്കാരവും ഇല്ലാത്തവരും ഈ രീതിയിൽ പ്രതികരിക്കും എന്നും, താൻ ആ രീതിയിൽ താഴാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് മറുപടി നൽകാനില്ല എന്നും അദ്ദേഹം അറിയിച്ചു.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെ ബി ഗണേഷ് കുമാറിനെതിരെ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തി. അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് ഗണേഷ് കുമാറെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണെന്നും, അയാളുടെ പാരമ്പര്യം ആണിതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിസ്ഥാനം നേടിയെടുത്തത് സരിതയെ ഉപയോഗിച്ചാണ് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ജി സുധാകരനെ അദ്ദേഹം പ്രശംസിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ജി സുധാകരൻ എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.