തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐ.ടി. ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ലോറി ഡ്രൈവറെ പെൺകുട്ടി തിരിച്ചറിഞ്ഞു. തമിഴ്‌നാട് മധുര സ്വദേശിയായ ബെഞ്ചമിൻ ആണ് പ്രതി.(Kazhakoottam rape case Survivor identified the accused)
ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ മറ്റ് വീടുകളിൽ മോഷണത്തിനായി പ്രതി കയറുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇയാൾ സ്ഥിരം ക്രിമിനലാണെന്നും തമിഴ്‌നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പോലീസ് പറയുന്നു.
മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോവുകയും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയുമായിരുന്നു.
കഴക്കൂട്ടം എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.