
തിരുവനന്തപുരം: കാണാതായ 13 കാരിയെ പോലീസ് ഇന്ന് തിരിച്ചെത്തിക്കും. വിശാഖപട്ടണത്തിലേക്ക് പോയാണ് പൊലീസ് സംഘം കുട്ടിയെ ഏറ്റെടുത്തത്. ഇന്ന് കുട്ടിയെ തിരുവനന്തപുരത്തെത്തിക്കും.
പെൺകുട്ടി വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സി ഡബ്ല്യു സി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി കഴക്കൂട്ടം പൊലീസ് തിരികെ യാത്ര തിരിച്ചത്.
കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴക്കൂട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലാണ് നടപടി. ഇതിന് ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത് പഠനം തുടരണമെന്നാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അമ്മ വഴക്കു പറഞ്ഞതിനാൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടന്നത്. 37 മണിക്കൂറുകൾ കഴിഞ്ഞ് ബുധനാഴ്ച്ച രാത്രിയോടെ കുട്ടിയെ വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് കണ്ടെത്തുകയായിരുന്നു.