

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാല് വയസ്സുകാരൻ ഗിൽദാർ മരിച്ച സംഭവത്തിൽ കൊലപാതക വിവരം പുറത്ത്. പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ സുഹൃത്തായ തൻബീർ ആലം ആണ് അറസ്റ്റിലായത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
കുട്ടിക്ക് അനക്കമില്ലെന്ന് പറഞ്ഞ് അമ്മ മുന്നി ബീഗമാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടി നേരത്തെ മരിച്ചിരുന്നതായും കഴുത്തിൽ അസ്വാഭാവികമായ പാടുകൾ ഉള്ളതായും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമാണ് കൊലപാതക വിവരം സ്ഥിരീകരിച്ചത്.
കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്.അറസ്റ്റിലായ തൻബീർ ആലത്തെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമായിട്ടില്ല. മുന്നി ബീഗത്തെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്; കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ അതോ തൻബീർ തനിച്ച് ചെയ്തതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.