ആനയുമായി പെപ്പെയുടെ മാസ്സ് ആക്ഷൻ; 'കാട്ടാളൻ' ബിടിഎസ് വീഡിയോ പുറത്ത്, റിലീസ് മെയ് 14-ന് | Kattalan movie BTS video

ആനയുമായി പെപ്പെയുടെ മാസ്സ് ആക്ഷൻ; 'കാട്ടാളൻ' ബിടിഎസ് വീഡിയോ പുറത്ത്, റിലീസ് മെയ് 14-ന് | Kattalan movie BTS video
Updated on

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളന്റെ' ആവേശകരമായ ബിടിഎസ് (Behind the Scenes) വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ടീസർ ലോഞ്ചിന് പിന്നാലെ റിലീസ് ചെയ്ത ടീസർ ഒരു മില്യണിലധികം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഡ്യൂപ്പില്ലാതെ ആനയുമായി ആന്‍റണി വർഗീസ് നടത്തുന്ന അപകടകരമായ ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.

'ഓങ് ബാക്ക്' സീരീസിലൂടെ പ്രശസ്തനായ ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെംബാക്ഡിയാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. തായ്‌ലൻഡിൽ വെച്ചായിരുന്നു ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം.ഓങ് ബാക്ക് സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെപ്പോലെ എത്തുന്നു.

'കാന്താര', 'മഹാരാജ' എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായ അജനീഷ് ലോക്നാഥാണ് സംഗീതം നിർവഹിക്കുന്നത്.

ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ വൻ തുകയ്ക്ക് ഓവർസീസ് വിതരണാവകാശം വിറ്റുപോയ ചിത്രം പല പ്രീ-റിലീസ് റെക്കോർഡുകളും ഭേദിച്ചു കഴിഞ്ഞു. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രം ആഗോളതലത്തിൽ വമ്പൻ റിലീസിനായി ഒരുങ്ങുന്നത്.

ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ധിഖ് എന്നിവർക്കൊപ്പം ബോളിവുഡ് താരം പാർഥ് തിവാരിയും അഭിനയിക്കുന്നു. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവരുടെ തിരക്കഥയ്ക്ക് ഉണ്ണി ആർ ആണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി മെയ് 14-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Related Stories

No stories found.
Times Kerala
timeskerala.com