കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ കൊച്ചിയിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പണവും ആഭരണങ്ങളും കവർന്ന ശേഷം കശ്മീർ സ്വദേശി മുങ്ങി. ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അമൻദീപിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. പ്രതി കേരളം വിട്ടതായാണ് സൂചന.(Kashmiri man swindled Kolkata native in Kochi and fled )
ഏപ്രിൽ മാസത്തിലാണ് ഡേറ്റിങ് ആപ്പ് വഴി കൊൽക്കത്ത സ്വദേശിനിയായ 23-കാരി അമൻദീപിനെ പരിചയപ്പെടുന്നത്. യുവാവിനെ വിശ്വസിച്ച് ബെംഗളൂരുവിലെ ജോലിയും മാതാപിതാക്കളെയും ഉപേക്ഷിച്ചാണ് യുവതി കൊച്ചിയിലെത്തിയത്. ഇരുവരും ആലുവയിലെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. യുവതി തന്റെ പണവും ആഭരണങ്ങളും ഈ ഫ്ലാറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വിവാഹത്തിന് വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന വ്യാജേന നവംബർ മാസത്തിൽ അമൻദീപ് കശ്മീരിലേക്ക് പോയി. ഇതിനിടെ യുവതിയെ കൊൽക്കത്തയിലേക്കും അയച്ചു. നാട്ടിലെത്തിയ ശേഷം യുവാവ് അകൽച്ച കാണിക്കുകയും ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഇരുവരും ഡിസംബർ 8-ന് കൊച്ചിയിൽ തിരിച്ചെത്താമെന്ന് തീരുമാനിച്ചു.
യുവതി നെടുമ്പാശ്ശേരിയിൽ എത്തിയെങ്കിലും അമൻദീപ് നേരിട്ടെത്തിയില്ല. ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ കൊച്ചിയിൽ എത്തിയതായി വ്യക്തമായി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടി താക്കോലുമായി അമൻദീപ് മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് സാന്നിധ്യത്തിൽ ഫ്ലാറ്റ് തുറന്നപ്പോഴാണ് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.