സൗത്ത് ഏഷ്യയിലെ വലിയ എൽജിബിടിക്യു പ്ലസ് ഫിലിം ഫെസ്റ്റിവലായ കാശിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിക്ക് കാശിഷ് റെയിൻബോ വാരിയർ അവാർഡ് സമ്മാനിച്ചു.
മാധ്യമപ്രവർത്തകനും ഹംസഫർ ട്രസ്റ്റ് സ്ഥാപകരിൽ ഒരാളുമായ അശോക് റോ കവിയിൽ നിന്ന് രേവതി അവാർഡ് ഏറ്റുവാങ്ങി. ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' ഇന്ത്യൻ സെൻറർ പീസ് സിനിമയായി പ്രദർശിപ്പിച്ചു. സിനിമക്ക് മികച്ച പ്രതികരണമാണ് ഫെസ്റ്റിവലിൽ ലഭിച്ചത്.
ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 11 സിനിമകളിൽ ഏക ഇന്ത്യൻ സിനിമയാണ് ഞാൻ രേവതി. കോഴിക്കോട് നടന്ന ഐഐഎഫ്എഫ്കെയിൽ മികച്ച സിനിമയ്ക്കുള്ള ഒഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിരുന്നു.
പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ 'ദ ട്രൂത്ത് എബൗട്ട് മീ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റായ എ രേവതിയുടെ ജീവിതകഥയാണ് 'ഞാൻ രേവതി'. പെരുമാൾ മുരുകൻ, ആനിരാജ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, എ മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന, ഉമ, ഭാനു ,ലക്ഷ്മി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഈയ്ഞ്ചൽ ഗ്ലാഡി, ഇഷാൻ, കെ. ഷാൻ, ശ്യാം, ജി ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെൻ്ററിയിലുണ്ട്.