കാസർഗോഡ്: കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണ്ണവും വെള്ളിയാഭരണങ്ങളും കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. കർണാടക സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ കലന്തർ ഇബ്രാഹിമാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. ക്ഷേത്ര കവർച്ചകൾ ഉൾപ്പെടെ 25-ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ.(Kasaragod robbery, Notorious thief arrested)
ജനുവരി 18-നായിരുന്നു നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ മോഷണം നടന്നത്. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയ സമയത്തായിരുന്നു കവർച്ച. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന പ്രതി അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു.
29 പവൻ സ്വർണ്ണാഭരണങ്ങൾ, കാൽലക്ഷം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ, 5000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. നെക്ലേസ്, വളകൾ, വിവിധതരം മാലകൾ, കമ്മൽ തുടങ്ങി വലിയൊരു ശേഖരം തന്നെ ഇയാൾ കൈക്കലാക്കി. ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിനെ തുടർന്ന് സൂക്ഷിക്കാനേൽപ്പിച്ച സ്വർണ്ണവും ഇതിൽ ഉൾപ്പെട്ടിരുന്നു. ഏകദേശം 31,67,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.