
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് അപകടത്തിൽ പെട്ട ഗ്യാസ് ടാങ്കറിൽ നിന്നും വാൽവ് പൊട്ടി വാതകം ചോരുന്നത് തുടരുന്നു(gas leak). വാതക ചോർച്ചയെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ അപകട സ്ഥലത്തിന് അരകിലോമീറ്റർ പരിധിയിലുള്ള ജനങ്ങളെ ഒഴിപ്പിച്ചതായാണ് വിവരം.
കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള സ്കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല; പ്രദേശത്തെ മൊബൈൽ ഫോൺ, വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
മംഗലാപുരത്തു നിന്നും വരുന്ന വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ടാങ്കറിന്റെ വാൽവുകൾ അടക്കാൻ കഴിയുകയുള്ളു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് എൻ.ഡി.ആർ.എഫും 4 യൂണിറ്റ് ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്.