

കാസർകോട്: ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ 55-ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കർണാടക ദേർളക്കട്ട സ്വദേശി മുഹമ്മദ് ഷഫീഖ് (23), ഉള്ളാൾ സജിപ്പനാടു സ്വദേശി ആഷിഫ് മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വയനാട്ടിൽ ഒരു കുപ്പിവെള്ള കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു നാലംഗ സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാസർകോട്ടുനിന്ന് എത്തിയ അഗ്നിരക്ഷാ സേന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഷഫീഖും ആഷിഫും മരണത്തിന് കീഴടങ്ങി.
ഹാഷിം (23), റിയാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്, ഇരുവരെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.