
ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങൾക്ക് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്കു മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചിന്നസ്വാമിയിലെ മത്സരങ്ങൾ മുംബൈയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഇതോടെ കേരളത്തിന്റെ ‘ലോകകപ്പ്' പ്രതീക്ഷ മുരടിച്ചു.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഉൾപ്പെടെ കാര്യവട്ടത്തു നടക്കുമെന്നായിരുന്നു പ്രചാരണം. ബിസിസിഐയുടെ വാർത്താക്കുറിപ്പു പ്രകാരം ഗുവാഹത്തിയാണ് ഇന്ത്യ–ശ്രീലങ്ക ഉദ്ഘാടന മത്സരത്തിനു വേദിയാകുക. വിശാഖപട്ടണം, നവി മുംബൈ, ഇൻഡോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ നടക്കുക.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സംഘടിപ്പിച്ച ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം അവിടെനിന്ന് മാറ്റിയത്. ബിസിസിഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ അഞ്ച് വേദികളിലായാണ് എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നടക്കുക.