

മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസുകാരിയെ 16-കാരൻ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയും അമിത സംശയവുമെന്ന് പോലീസ്. അതിവിദഗ്ധരായ കുറ്റവാളികളെപ്പോലെ യാതൊരു ഭയവുമില്ലാതെയാണ് പ്രതി കൃത്യം നടത്തിയതും പോലീസിനോട് കാര്യങ്ങൾ വിവരിച്ചതും. ലഹരിക്കടിമയായ പ്രതിക്ക് പെൺകുട്ടിയോട് തോന്നിയിരുന്ന അമിതമായ സംശയമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച സ്കൂളിലെത്തിയ പെൺകുട്ടിയെ പ്രതി നിർബന്ധിച്ചാണ് കൂടെ കൊണ്ടുപോയത്. കരുവാരക്കുണ്ടിൽ നിന്ന് പാണ്ടിക്കാട് വഴി വാണിയമ്പലത്തെത്തിയ ഇവർ, റെയിൽവേ പാതയിലൂടെ നടന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുകയായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി പ്രതി അവിടെവെച്ച് തർക്കമുണ്ടാക്കി. വാക്കുതർക്കം രൂക്ഷമായതോടെ ബലപ്രയോഗത്തിലൂടെ പെൺകുട്ടിയുടെ കൈകൾ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം തൊട്ടടുത്ത വീട്ടിലെത്തി വെള്ളം കുടിക്കുകയും അവിടെനിന്ന് വീട്ടുകാരെ വിളിക്കുകയും ചെയ്ത പ്രതി, ആർക്കും സംശയം തോന്നാത്ത രീതിയിലാണ് പെരുമാറിയത്. പോലീസിനോട് കുറ്റസമ്മതം നടത്തുമ്പോൾ പോലും ഇയാളുടെ ശബ്ദത്തിൽ ഇടർച്ചയോ ഭയമോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം വെളിപ്പെടുത്തി. പെൺകുട്ടിയെ കാണാതിരുന്നാൽ അക്രമാസക്തനാകുന്ന സ്വഭാവമായിരുന്നു ഇയാൾക്ക്. ഇതിനെതിരെ കുടുംബം പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയുടെ സ്വഭാവത്തിലെ മാറ്റങ്ങളും നിയന്ത്രണം വിട്ടുള്ള ദേഷ്യവും നാട്ടുകാരും ശ്രദ്ധിച്ചിരുന്നു.
മകളുടെ തിരോധാനത്തിൽ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിതാവിനോടൊപ്പം സ്റ്റേഷനിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.