

മലപ്പുറം: കരുവാരക്കുണ്ടിൽ 14-കാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ്. പ്രതിയായ പതിനാറുകാരൻ നിലവിൽ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, കൃത്യത്തിൽ മറ്റാർക്കെങ്കിലും സഹായമോ പങ്കോ ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പോലീസിന്റെ നീക്കം.
പെൺകുട്ടിയോടുള്ള അമിതമായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി വ്യക്തമാക്കി. പ്രതി പെൺകുട്ടിയെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത് മുതൽ കൊലപാതകം നടത്തി മടങ്ങിയത് വരെയുള്ള റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം ആറുമണിയോടെ അമ്മയെ ഫോണിൽ വിളിച്ച് താൻ വരാൻ അല്പം വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാത്രിയായിട്ടും പെൺകുട്ടി തിരിച്ചെത്താതെ വന്നതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. ഈ ഫോൺ കോൾ വന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പെരുമാറ്റത്തിലെ അസ്വാഭാവികതയും തുടക്കം മുതലേ പോലീസിന് സംശയമുണ്ടാക്കിയിരുന്നു.