തൃശൂര്‍ : കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസില്‍വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച വയോധികയ്ക്ക് പണം മടക്കി നല്‍കി കരുവന്നൂര്‍ ബാങ്ക്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചുകൊണ്ടുപോയി പതിനായിരം രൂപ വാങ്ങി നല്‍കിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് നല്‍കാനുളളത്.
പൊറുത്തിശേരി സ്വദേശി ആനന്ദവല്ലി മരുന്ന് വാങ്ങാൻ പതിനായിരം രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലഭിച്ചിരുന്നില്ല. തുടർന്ന് സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയോട് പോയി ചോദിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത് വലിയ തോതിൽ ചർച്ചയായിരുന്നു.