

കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയോടെ സ്ഫോടനമുണ്ടായത്. അപകടസമയത്ത് ആളുകൾ കുറവായതിനാലും ഫയർഫോഴ്സ് വേഗത്തിൽ ഇടപെട്ടതിനാലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഹോട്ടലിലെ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളും പൂർണ്ണമായും കത്തിയമർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഹോട്ടലിന്റെ ഉൾവശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.